നടപ്പാക്കാൻ ഇനിയുമേറെ...
പാരിപ്പള്ളി : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് വീണ്ടും ആരോഗ്യ മന്ത്രി കെ. മുരളീധരന് എത്തും. കഴിഞ്ഞ ജൂലൈ ആറിനാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെയും ജനപ്രതിനിധികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് രണ്ട് മാസംമുമ്പ് അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞെങ്കിലും ഇപ്പോഴും ബാലാരിഷ്ടതകളിലും ശൈശവദശയിലുമാണ്. മറ്റ് ആശുപത്രികളിലേയ്ക്ക് രോഗികളെയും അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയും റഫര്‍ ചെയ്യുന്ന ആശുപത്രിയായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആശുപത്രിയുടെ ദയനീയാവസ്ഥ കണ്ടു മനസിലാക്കാനും അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങള്‍ നടപ്പാക്കാനുമാണ് ജനപ്രതിനിധികള്‍ അദ്ദേഹത്തെ ആശുപത്രിയിലയ്ക്ക് ക്ഷണിച്ചത്.
ജനപ്രതിനിധികള്‍ക്കൊപ്പം അദ്ദേഹം ആശുപത്രി സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ സംഘടനയും നഴ്സുമാരുടെ സംഘടനയായ കെജിഎന്യുവും അടിയന്തരമായി ആശുപത്രിയില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിക്ക് നിവേദനങ്ങളും നല്കി. മന്ത്രിസഭയുടെ 100 ദിന കര്‍മ പരിപാടിയില്‍പ്പെടുത്തി അത്യാവശ്യ കാര്യങ്ങള്‍ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പു പറഞ്ഞു.
മന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിലായി. ഒഴിഞ്ഞുകിടന്ന അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഡോക്ടറെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോ. പ്രശോഭ് , രണ്ട് സീനിയര്‍ റെസിഡന്റുമാര്‍ എന്നിവരെയാണ് നിയമിച്ചത്. രണ്ടു സീനിയര്‍ റെസിഡന്റുമാരെക്കൂടി പിന്നീട് നിയമിച്ചു.
രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതുകാരണം ടിഎംടി ടെസ്റ്റ് നടത്താന്‍ രോഗികള്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞുള്ള തീയതിയാണ് നല്‍കിയിരുന്നത്. മിക്ക ടെസ്റ്റുകള്‍ക്കും മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതി യുണ്ടായിരുന്നു. പുതിയ നിയമനം നടന്നതോടെ കാര്‍ഡിയോളജി വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.
എമര്‍ജന്‍സി മെഡിസിനിലും ഒരു അസി. പ്രഫസറെ നിയമിച്ചിട്ടുണ്ട്. ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഉടന്‍ നിയമിക്കും. 21 സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിനുള്ള നടപടികളും തുടങ്ങി. മെഡിക്കല്‍ കോളജില്‍ സൂപ്രണ്ടിനെയും രണ്ടു ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും പ്രിന്‍സിപ്പലിനെയും നിയമിച്ചു.
നിലവില്‍ ആവശ്യമായതിന്റെപകുതി ജീവനക്കാര്‍ പോലുമില്ല. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും നിയമനം നടത്തുമെന്നും മന്ത്രി കെ. മുരളീധരന് യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ നിയമന നടപടികളൊന്നുമായിട്ടില്ല.
എംആര്‍ഐ സ്ലാനിംഗ് യന്ത്രം സെപ്റ്റംബര്‍ 15-ന് സ്ഥാപിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് എംആര്‍ഐ സ്കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. യന്ത്രം സ്ഥാപിക്കുന്നതിനുള്ള മുറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന് ഇനിയും ഒരു മാസമെങ്കിലും താമസമുണ്ടാകും.
24 മണിക്കൂറും അള്‍ട്രാസൗണ്ട് സ്കാനിംഗ് സൗകര്യത്തിനുള്ള നടപടികളൊന്നുമായിട്ടില്ല. ഇതുകൂടി ഉണ്ടായാലേ മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് എത്തുകയുള്ളൂ.
അടിയന്തരമായി ചെയ്യാനുള്ളത്
സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളില്‍ നിലവില്‍ ഓരോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഈ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണം. കേന്ദ്ര സര്‍ക്കാര്‍ 24 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിലേയ്ക്ക് കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണം.
നേത്ര രോഗ വിഭാഗത്തില്‍ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പില്ലാത്തതിനാല് ചികിത്സ മുടങ്ങുന്നു. മുഴുവന്‍ തുകയും അനുവദിച്ച് ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് വാങ്ങണം. ട്രോമാ കെയര്‍ യൂണിറ്റ് അടിയന്തരമായി നടപ്പാക്കണം. ഇതിന് കെട്ടിടം പണിയുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് കാലമേറെയായി. സര്‍ക്കാര്‍ തീരുമാനം നീണ്ടു പോകുന്നു.
സെന്ട്രലൈസ്എസിയുടെ പ്രവര്‍ത്തനം ഇപ്പോഴും കടലാസിലാണ്. ഇത് പ്രവര്‍ത്തന സജ്ജമാക്കണം. നിലവില്‍ 29 ഏക്കറിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 21 ഏക്കര്‍ ഭൂമി കൂടി വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാരില്‍ കുരുങ്ങി കിടക്കുകയാണ്.
ഈ ഭൂമി സ്വന്തമായാല്‍ ഇതില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കാനാകും. ആവശ്യമുള്ളതിന്റെ പകുതി പോലും ജീവനക്കാര്‍ ഇവിടെയില്ല.
തസ്തികകള്‍ സൃഷ്ടിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം.